Trending

പെരുമ്പാവൂരിൽ വ്യാജ ആധാര്‍ കാര്‍ഡ് നിർമ്മാണ കേന്ദ്രം; അസം സ്വദേശി അറസ്റ്റില്‍

എറണാകുളം: പെരുമ്പാവൂരിൽ വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു നൽകുന്ന കേന്ദ്രം പ്രവർത്തിക്കുന്നതായി കണ്ടെത്തി. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. പൊലീസിന്റെ ‘ഓപറേഷന്‍ ക്ലീനി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

പണം നല്‍കിയാല്‍ ഏതുപേരിലും ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയിലായിരുന്നു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്‍ലാമിനെ (26) പെരുമ്പാവൂര്‍ എ.എസ്.പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

സഹായിയായ അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അതിഥി തൊഴിലാളികള്‍ക്കാണ് ഇവർ രേഖകള്‍ നിര്‍മ്മിച്ചു നൽകിയിരുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ചു വിവിധ പേരുകളില്‍ നിര്‍മ്മിച്ച വ്യാജ ആധാര്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. ആധാര്‍ കാര്‍ഡുകള്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, മൊബൈല്‍ ഫോണുകള്‍, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post