കോഴിക്കോട്: പാവങ്ങാട് എംഡിഎംഎ വില്പന നടത്തുന്ന മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മിഥുന്‍രാജ്, പുതിയങ്ങാടി സ്വദേശി നിജില്‍, പൂവാട്ടുപറമ്പ് സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 79.74ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാവങ്ങാടിന് സമീപം കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവര്‍ പിടിയിലായത്.
ഇവര്‍ വീട് വാടകയ്ക്കെടുത്ത് അവിടെ നിന്നും എംഡിഎംഎ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. എലത്തൂര്‍ പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.