കട്ടിപ്പാറ: ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കട്ടിപ്പാറ ചമലിലാണ് സംഭവം. ചമല്‍ സ്വദേശി അഭിനന്ദിന് (23) ആണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് വെട്ടിയത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല.
ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തില്‍ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അർജുൻ ക്ഷേത്രത്തില്‍ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതിയെ പോലീസ് പിടികൂടി. വാള്‍ എടുത്തുകൊണ്ടു പോയതിന് അമ്പലക്കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.