മലപ്പുറം: മലപ്പുറം മമ്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. രാവിലെ 7.30ഓടെയാണ് ആക്രമണം. പുലിയുടെ നഖം കാലിൽ കൊണ്ടാണ് മുഹമ്മദാലിക്ക് പരിക്കേറ്റത്. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സമീപത്തെ തോടിനോടുചേർന്ന് കാട്ടിലൂടെ ഒരു ജീവി പോകുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ പരിശോധനക്ക് എത്തിയിരുന്നുവെങ്കിലും പുലിയെ കണ്ടെത്താനായില്ല. തോട്ടം മേഖലയായ ഇവിടെ ഒട്ടേറെ വീടുകളുണ്ട്. വനത്തോട് ചേർന്ന പ്രദേശമാണ് മമ്പാട്. പല തവണ പുലിയെ കണ്ടിട്ടുണ്ടെങ്കിലും ആക്രമണം ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു. ആക്രമണ വാർത്ത അറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.