Trending

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ; 10 പേർക്ക് സ്ഥിരീകരിച്ചു


മലപ്പുറം: വളാഞ്ചേരിയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ലഹരി സംഘത്തിലുള്ള 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവര്‍ക്ക് എച്ച്ഐവി പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വളാഞ്ചേരി ടൗണിനോട് ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത്. 

കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്നുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ജനുവരിയില്‍ നടത്തിയ സ്‌ക്രീനിംഗിൽ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ ഏഴു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സൂചി ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

സൂചിയില്‍ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാര്‍ ലഹരി കൈമാറുന്നത്. ഉപയോഗിച്ച സൂചി ഇവര്‍ വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്. 80 ശതമാനം പേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കൂട്ടുകൂടി ലഹരി കുത്തിവെക്കുന്ന മിക്കവരും ഒരേ സൂചിയാണ് പങ്കിടുന്നത്. ഇതാണ് ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്ഐവി രോഗബാധയ്ക്ക് കാരണമായത് എന്നാണ് ഡിഎംഒ അറിയിക്കുന്നത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്‌ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.

Post a Comment

Previous Post Next Post