കാസർകോട്: കയ്യൂരിൽ സൂര്യാഘാതമേറ്റ് കുഴഞ്ഞ് വീണ് വയോധികന്‍ മരിച്ചു. മുഴക്കോം വലിയപൊയില്‍ നാടാച്ചേരിയിലെ മടിയന്‍ കണ്ണനാണ് (92) മരണപ്പെട്ടത്. ബന്ധുവീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പകല്‍ 2.30 ഓടെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാഘാതമേറ്റ പൊള്ളലുമുണ്ട്. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചീമേനി പോലീസെത്തി ഇൻക്വസ്റ്റ് നടപടി സ്വീകരിച്ചു.
അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാമെന്നാണ് വിവരം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ബിയര്‍, മദ്യം, കൃതൃമശീതളപാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികള്‍.