കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വൈകിട്ടോടെ നിനച്ചിരിക്കാതെ എത്തിയ വേനൽമഴ ജനങ്ങൾക്ക് വലിയ ആശ്വാസമായി. ഗ്രാമീണ മേഖലയായ ബാലുശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കൊടുവള്ളി, നരിക്കുനി, കാക്കൂർ, ഉള്ളിയേരി അടക്കമുള്ള പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. വൈകുന്നേരം 5 മണിയോടെ തുടങ്ങിയ ശക്തമായ മഴ പലയിടത്തും എഴുമണി വരെ തുടർന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ വേനൽമഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
അതേസമയം കനത്ത മഴയെ തുടർന്ന് നരിക്കുനി, കാക്കൂർ കെഎസ്ഇബികൾക്ക് കീഴിലുള്ള പിസി പാലം ആരാമ്പ്രം പുല്ലാളൂർ, എരവന്നൂർ എന്നീ പ്രദേശങ്ങളിൽ ലൈനിൽ തെങ്ങും പ്ലാവും മറ്റ് മരങ്ങളും കടപുഴകി വീണത് കാരണം പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഉണ്ണികുളം, ബാലുശ്ശേരി, ഉള്ളിയേരി പ്രദേശങ്ങളിലും പല ഘട്ടങ്ങളിലായി വൈദ്യുതി മുടങ്ങിയിരുന്നു.