വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നാലെ കൊലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ


കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിലാണ് കൊലപാതകം നടന്നത്. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ കൊലയാളി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

ഇന്ന് രാത്രി 7.15 ഓട് കൂടിയാണ് കൊലപാതകം നടന്നത്. ആക്രമണത്തിനു പിന്നാലെ ഫെബിന്റെ വീട്ടിൽ നിന്നു രക്ഷപ്പെട്ട തേജസ് രാജ് (24) എന്ന യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ ട്രാക്കിനു സമീപത്ത് നിന്ന് ഇയാൾ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. ഫെബിന്റെ വീട്ടിലെത്തിയ KL 29 H 1628 എന്ന നമ്പറിലുള്ള കാറാണ് റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post