കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.50 ഓടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ടു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.1947ല്‍ കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ ഗോവിന്ദന്‍ നായർ. ഇപ്പോൾ എറണാകുളം വൈറ്റിലയിൽ തൈക്കൂടം എന്ന സ്ഥലത്തായിരുന്നു താമസം.
‘വിമോചന സമരം' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രഗാന രംഗത്ത് പ്രവേശിച്ചു. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, ആഷാഢമാസം ആത്മാവില്‍ മോഹം, നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുങ്ങുമീ' തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക് ജന്മം നല്കി. 86 ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി. ഗോപാലകൃഷ്ണന്‍ പങ്കാളിയായി 'പൂമഠത്തെ പെണ്ണ്'എന്നൊരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്. മദ്രാസ്സില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പത്രാധിപരായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.