കണ്ണൂർ: കൂത്തുപറമ്പിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. മൂന്നാംപീടിക കണ്ടേരി മാണിക്കോത്തുവയൽ സ്വദേശി മുഹമ്മദ് ഷാദിലിനാണ് (16) പരിക്കേറ്റത്. ഷാദിലിന്റെ കൈപ്പത്തിയിൽ മുള്ള് തുളച്ചുകയറി മറുവശം ചാടി. കൂടാതെ ശരീരമാസകലം മുള്ളുകൾ തറച്ചിട്ടുണ്ട്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാദിൽ.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പിതാവിനൊപ്പം പള്ളിയിൽ നിസ്‌കരിക്കാൻ പോവുമ്പോൾ മുള്ളൻ പന്നിയെ കണ്ട് സ്കൂട്ടർ നിർത്തിയതായിരുന്നു. കൗതുകം കൊണ്ട് സ്കൂട്ടറിൽ നിന്ന് റോഡിലേക്കിറങ്ങി മാറി നിന്ന് മുള്ളൻ പന്നിയെ നോക്കുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയ മുള്ളൻപന്നി മുള്ളുകൾ തെറിപ്പിക്കുകയായിരുന്നു.