Trending

ജില്ലയിലെ അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്‍ററുകൾ അടച്ചുപൂട്ടാൻ തീരുമാനം


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്ന ട്യൂഷൻ സെന്‍ററുകൾ അടച്ചു പൂട്ടാൻ തീരുമാനം. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷനായ ജില്ലാതല ശിശുസംരക്ഷണ സമിതിയുടെതാണ് നടപടി. എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്ന് ജില്ലാ കലക്റ്റർ നിർദ്ദേശിച്ചു. ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്‍ററുകളിൽ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയാണ്. ഇത്തരം സെന്‍ററുകൾ നിർബന്ധമായും അടച്ചു പൂട്ടണമെന്നും അല്ലാത്ത പക്ഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷൻ കേന്ദ്രങ്ങളിൽ ഡിജെ പാർട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കിൽ അക്കാര്യം പൊലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണമെന്ന് കലക്ടർ പറഞ്ഞു. അനധികൃതമായി പ്രവർത്തിച്ചു വരുന്ന ട്യൂഷൻ സെന്‍ററുകളിൽ കുട്ടികൾക്ക് ശുചിമുറിയോ ഫാനോ പോലും ഇല്ലാത്ത അവസ്ഥയുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

വാർഡുതല സമിതികൾ യോഗം ചേർന്നു കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് നടത്തണം. ഇതിനുപുറമേ സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കണം. ഇതിനായി 1098 എന്ന ചൈൽഡ് ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ് ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണമെന്നും കലക്ടർ വ്യക്തമാക്കി.

Post a Comment

Previous Post Next Post