ന്യൂഡൽഹി: കാഴ്ച പരിമിതിയുള്ളവർക്കും കോടതിയിൽ ന്യായാധിപകനാകുന്നതിൽ തടസമില്ലെന്ന് സുപ്രീംകോടതി. മധ്യപ്രദേശ് ജുഡീഷ്യൽ സർവീസ് റൂൾസ് റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ചയാണ് കോടതി വിധി പറഞ്ഞത്. ഒരു ഉദ്യോഗാർത്ഥിക്കും അവരുടെ ഭിന്നശേഷിയുടെ പേരിൽ ജുഡീഷ്യൽ സർവീസുകളിലെ തെരഞ്ഞെടുപ്പിന് ഹാജരാവാൻ അവസരം നിഷേധിക്കരുതെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിയുള്ളവർക്ക് നീതിന്യായ സേവനങ്ങളിൽ ഒരു വിവേചനവും നേരിടാൻ പാടില്ല. അത്തരം കാര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണം. വൈകല്യങ്ങളുടെ പേരിൽ മാറ്റി നിർത്തപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
മദ്ധ്യപ്രദേശ് ജുഡീഷ്യൽ സർവീസ് റൂൾസ് അനുസരിച്ച് കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാരെ ജുഡീഷ്യൽ സർവീസുകളിൽ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് നടപടിയിൽ നിന്നും വിലക്കിയിരുന്നു. തന്‍റെ മകന് ജഡ്ജിയാവാൻ ആഗ്രഹമുണ്ടായിട്ടും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയില്ലെന്ന് കാണിച്ച് ഒരു അമ്മ മുൻ ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.