കൊച്ചി: ശീലാവ് മത്സ്യത്തിന്റെ കടിയേറ്റ മാലിദ്വീപ് സ്വദേശിയ്ക്ക് കൊച്ചിയിൽ അടിയന്തര ശസ്ത്രക്രിയ. കടലിന്റെ അടിയിൽ നിന്ന് കടൽ വെള്ളരി ശേഖരിക്കുന്നതിനിടയിലാണ് 32കാരനെ ശീലാവ് മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കടിയിൽ യുവാവിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഇടതുകൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. ശീലാവ് എന്ന പേരിൽ അറിയപ്പെടുന്ന ബറക്കുഡ മത്സ്യമാണ് കടലിനടിയിൽ വെച്ച് 32കാരനെ ആക്രമിച്ചത്. മത്സ്യത്തിന്റെ കടിയേറ്റ് യുവാവിന്റെ കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌ന നാഡിക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് യുവാവിനെ എയർലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.
കടലിനടിയിലെ അതീവ അപകടകാരിയായ ടൈഗർ ഫിഷിന്റെ ഗണത്തിലുള്ള മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങളാണ് 32കാരന്റെ സുഷുമ്ന നാഡിയിൽ തറഞ്ഞുകയറിയ നിലയിൽ കണ്ടെത്തിയത്. ആദ്യം മാലി ദ്വീപിലെ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ അവസ്ഥ മോശമായതിനെ തുടർന്നാണ് കൊച്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. സജേഷ് മേനോൻ, ഡോ.ഡാൽവിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിൽ തുളഞ്ഞുകയറിയ പല്ലുകളുടെ ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗിയെ വാർഡിലേക്ക് മാറ്റി. ശസ്ത്രക്രിയ വളരെ അപൂർവവും വെല്ലുവിളി നിറഞ്ഞതുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
മാലിദ്വീപിൽ മുമ്പും ശീലാവിന്റെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിവേഗം കുതിച്ചുപായുന്ന ശീലാവ് മത്സ്യത്തിന്റെ ആക്രമണവും പെട്ടെന്നാണ് ഉണ്ടാവാറ്. പരിക്കിന്റെ ഗുരുതരാവസ്ഥ കൊണ്ട് തന്നെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയത്തിലാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയതെന്ന് രോഗിയുടെ സഹോദരൻ പറഞ്ഞു. എന്നാൽ കൃത്യമായ ചികിത്സ ലഭ്യമായതോടെ തന്റെ സഹോദരന്റെ ആരോഗ്യത്തിൽ വലിയ പുരോഗതിയാണ് സംഭവിച്ചതെന്നും, ആശുപത്രിയിലെ വിദഗ്ധ ചികിത്സയും ഡോക്ടർമാരുമാണ് അവന്റെ ജീവൻ രക്ഷിച്ചെന്നും സഹോദരൻ പറഞ്ഞു.