കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.
എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യ അപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം. താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ https://www.hajcommittee.gov.in/ ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.
മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.