കോഴിക്കോട്: കോഴിക്കോട് ലോ കോളേജ് വിദ്യര്‍ത്ഥിനി മൗസ മെഹ്റിസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റില്‍. വൈത്തിരിയില്‍ വെച്ചാണ് സുഹൃത്ത് അൽഫാൻ അറസ്റ്റിലായത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു തൃശൂർ സ്വദേശിനിയും ഗവ. ലോ കോളജ് വിദ്യാർഥിനിയുമായ മൗസ മെഹ് റിസിനെ (21) കോഴിക്കോട് കോവൂർ ബൈപാസിലെ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൽ.എൽ.ബി രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്ന മൗസ ലോ കോളേജിന് സമീപത്തെ ഒരു കടയില്‍ പാര്‍ട്ട്‌ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് കോവൂര്‍ സ്വദേശിയായ അല്‍ഫാനെ പരിചയപ്പെട്ടത്. തുടർന്ന് മറ്റുള്ളവരുമായി ഇടപഴകുന്നത് യുവാവ് വിലക്കിയതോടെ മൗസ ഇവിടെയുള്ള ജോലി ഉപേക്ഷിക്കുകയായിരുന്നു.
മൗസ മരിച്ചതിന്റെ തലേദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിക്കുകയും വിവാഹിതനും കുട്ടികളുടെ പിതാവാണെന്നും അറിയിക്കുകയുമായിരുന്നു. വീട്ടില്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം പെണ്‍കുട്ടിയുമായി തര്‍ക്കത്തിലായതോടെ കോവുരിലെ പെൺകുട്ടിയുടെ താമസ സ്ഥലത്തെത്തി ഫോണ്‍ കൈവശപ്പെടുത്തി ഒളിവില്‍ പോവുകയുമായിരുന്നു.