കോഴിക്കോട്: കോവൂർ എംഎൽഎ റോഡിൽ അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായി. കോവൂർ സ്വദേശി ശശി (56) യെയാണ് കാണാതായത്. ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തുന്നു. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഇന്ന് വൈകീട്ട് അതിശക്തമായ മഴയായിരുന്നു. ഇതിനിടെയാണ് മദ്ധ്യവയസ്കനെ അഴുക്കുചാലിൽ വീണ് കാണാതായത്.
എംഎൽഎ റോഡിലെ ഒരു ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചത്. ശശിക്കായുള്ള തിരച്ചിൽ മൂന്ന് മണിക്കൂർ പിന്നിട്ടു. ഒരു കിലോമീറ്റർ ദൂരം ഓടയിലൂടെ നടന്ന് ഫയർഫോഴ്‌സ് അംഗങ്ങൾ പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഓട നിറഞ്ഞ് കവിഞ്ഞ് ശക്തമായ ഒഴുക്കാണ് ഓടയിൽ അനുഭവപ്പെട്ടിരുന്നത്. നേരിയ മഴ പ്രദേശത്ത് നിലവിൽ അനുഭപ്പെടുന്നുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ഓടയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്.