ബംഗളൂരു: നേരത്തെ പറഞ്ഞുറപ്പിച്ച തുക സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ യുവതീയുവാക്കളുടെ കല്യാണം മുടങ്ങി. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ബംഗളൂരു, ഉപ്പാര്‍പ്പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫ്രാന്‍സില്‍ എഞ്ചിനീയര്‍മാരായ യുവതി യുവാക്കള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന മൈലാഞ്ചി കല്യാണദിവസം ആഡംബര കാറും 50 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്ന് വരന്റെ വീട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മൈലാഞ്ചി കല്യാണത്തിനു വരനും ബന്ധുക്കളും എത്തിയപ്പോള്‍ നേരത്തെ ഉറപ്പിച്ച തുക തരാന്‍ കഴിയില്ലെന്നും വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. കല്യാണ ആവശ്യങ്ങൾക്ക് 25 ലക്ഷം രൂപ ചെലവായെന്നു ചൂണ്ടിക്കാട്ടിയാണ് വീട്ടുകാര്‍ നിലപാട് മാറ്റിയത്. ഇതില്‍ പ്രകോപിതരായാണ് വരനും വീട്ടുകാരും സ്ഥലം വിട്ടത്. തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ കല്യാണം മുടങ്ങിയതായി കാണിച്ച് വധുവിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.