കോഴിക്കോട്: നാദാപുരം- തലശ്ശേരി റോഡിൽ കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. നാദാപുരം ഇയ്യങ്കോട് സ്വദേശികളായ പൂമുള്ളതിൽ ഷഹറാസ് അബ്ദുള്ള (32), പൂമുള്ളതിൽ അമ്മദിൻ്റെ മകൻ റിയാസ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് സന്ധ്യയോടെ നാദാപുരം ആവോലം സിസിയുപി സ്കൂളിന് സമീപം പെരുന്നാൾ ആഘോഷത്തിനിടെയാണ് സ്ഫോടനം.
കാറിൽ സഞ്ചരിക്കവെ പടക്കം കത്തിച്ച് എറിയാൻ ശ്രമിക്കുന്നതിനിടെ കാറിനകത്ത് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഷഹറാസിൻ്റെ കൈപ്പത്തി തകർന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന റിയാസിനും ഗുരുതര പരിക്കേറ്റു. പരിക്കേറ്റ യുവാക്കളെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
KL 18 Y 3733 നമ്പർ കാറിനുള്ളിൽ വച്ചാണ് പടക്കം പൊടിത്തെറിച്ചത്. സ്ഫോടനത്തിൽ കാറ് ഭാഗികമായി തകർന്നു. അപകടത്തിന് പിന്നാലെ ഒളിപ്പിച്ച കാർ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനു പിന്നാലെ നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.