ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ കൈനടിയിലാണ് സംഭവം. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക ജീവനക്കാരിയായ മേരി (65) ആണ് മരിച്ചത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ച സമയത്ത് മേരി ഭയന്നോടുകയായിരുന്നു. ഈ സമയത്ത് തലയടിച്ച് വീണാണ് മേരിയുടെ മരണം സംഭവിച്ചത്.
ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.