ഇടുക്കി: പി.സി ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. പി.സി ജോർജ് നടത്തുന്നത് കള്ള പ്രചരാണമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒരു കേസ് പോലും ലൗജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു മത വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും പരാതിയിൽ പറയുന്നു. ലൗജിഹാദ് പരാമർശത്തിൽ യൂത്ത് ലീഗും പൊലീസിൽ പരാതി നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയാണ് പരാതി നൽകിയത്. പാലാ ഡിവൈഎസ്പി ഓഫീസിലാണ് പരാതി നൽകിയത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിലെ ജാമ്യവ്യവസ്ഥകൾ ജോർജ് ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. ഫ്രറ്റേണിറ്റിയും പരാതി നൽകിയിട്ടുണ്ട്.
പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുന്നിടെയായിരുന്നു പി.സി ജോർജിൻ്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു.