മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ പ്രതിയുമായി പോവുകയായിരുന്ന പൊലീസ് ജീപ്പ് ഇടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍വെച്ചുണ്ടായ അപകടത്തില്‍ ശ്രീധരന്‍ എന്നയാളാണ് മരിച്ചത്. അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മാഹിയില്‍ നിന്നുള്ള പ്രതിയുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ജീപ്പ് ചാറ്റല്‍ മഴ കാരണം റോഡില്‍ നിന്നും തെന്നിമാറി വള്ളിയൂര്‍ക്കാവ് അമ്പല പറമ്പിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍, പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശീധരനെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അതേസമയം അപകടത്തില്‍പ്പെട്ട ജീപ്പിന് ഫിറ്റ്‌നെസില്ലെന്ന് കാണിച്ചു നാട്ടുകാര്‍ പ്രതിഷേധിച്ചു. അപകടത്തില്‍പ്പെട്ട ജീപ്പിന്റെ കാലപ്പഴക്കവും തേഞ്ഞുപോയ ടയറും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. ആര്‍ടിഒയും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്താതെ അപകടത്തില്‍പ്പെട്ട ജീപ്പ് വിട്ടുനല്‍കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.