തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷന്‍ വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിലും സംസ്ഥാനത്തെ മറ്റ് ക്ഷേമ ബോർഡുകളിലും രജിസ്റ്റർ ചെയ്‌തിട്ടുള്ള തൊഴിലാളികൾക്ക് പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിലെ കാലതാമസവും മറ്റും ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
കഴിഞ്ഞ നാല് വർഷത്തിനിടെ വിവിധ ക്ഷേമ ബോർഡുകൾക്ക് സർക്കാർ 36,212 കോടി രൂപ വിതരണം ചെയ്‌തിട്ടുണ്ടെന്നും അഞ്ച് വർഷത്തിനുള്ളിൽ ഈ തുക 55,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 900 കോടി രൂപ മാത്രമേ അനുവദിച്ചിരുന്നുള്ളൂ എന്നും ബാലഗോപാല്‍ പറഞ്ഞു. മൂന്ന് മാസത്തെ പെൻഷൻ കുടിശിക മാത്രമേ ബാക്കിയുള്ളൂവെന്നും ഈ വർഷത്തിനുള്ളിൽ തന്നെ അവ തീർപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷനുകൾ 18 മാസം വൈകിയെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്ന് 400 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു