ന്യൂയോര്‍ക്ക്: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ 'എക്‌സ്' ആഗോള തലത്തില്‍ പണിമുടക്കി. ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലെ ഉപയോക്താക്കളെയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ ഈ തടസ്സം ബാധിച്ചത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസ്സങ്ങള്‍ സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറിൽ അധികം സമയം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല.
ഇന്ന് ഒന്നിലധികം തവണയാണ് എക്‌സില്‍ തടസ്സം നേരിടുന്നത്. ഇന്ത്യന്‍ സമയം ഏകദേശം ഉച്ചക്കഴിഞ്ഞ് 3.30നും വൈകുന്നേരം 7.00നും തടസ്സം നേരിട്ടു. 56 ശതമാനം ഉപയോക്താക്കളും ആപ്പില്‍ തന്നെ പ്രശ്‌നം നേരിടുന്നുണ്ട്. 33 ശതമാനം ആളുകളും വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. 11 ശതമാനം പേര്‍ക്ക് സെര്‍വര്‍ കണക്ഷന്‍ ലഭിച്ചില്ലെന്നും ഡൗണ്‍ഡിക്റ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപകമായി പരാതി നല്‍കിയിട്ടും ഔദ്യോഗികമായ പ്രസ്താവനയൊന്നും എക്‌സ് പുറപ്പെടുവിച്ചിട്ടില്ല. ഇപ്പോഴും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.