കുന്ദമംഗലം: കുന്ദമംഗലം പത്താം മൈലിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാവൂർ മുല്ലപ്പള്ളി മീത്തൽ പുളിയങ്ങൽ അജയ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പത്താം മൈലിന് സമീപം പൊയിൽ താഴം ഭഗവതി കാവിൽ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവർ സഞ്ചരിച്ച ബൈക്കിന് നേരെ പിക്കപ്പ് വാൻ വന്ന് കയറുകയായിരുന്നു. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.