മലപ്പുറം: മലപ്പുറം കാട്ടുങ്ങലിൽ സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. വൈകിട്ട് 6.30ഓടെയാണ് സംഭവം.
കോട്ടപ്പടിയിലെ ആഭരണ നിർമാണ ശാലയിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവർ. ഇവർ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്ന ആളുകളാണ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഒരു കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയിരുന്നു. അപ്പോഴാണ് രണ്ടാമനെ ആക്രമിച്ച് സ്വർണം കവർന്നത്. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.