കോഴിക്കോട്: പച്ചതേങ്ങയ്ക്ക് പിന്നാലെ മലഞ്ചരക്ക് വിപണിയിൽ കുരുമുളകിനും വില ഉയരുന്നു. പത്തു ദിവസത്തിനിടയിൽ കിലോക്ക് 90 രൂപയാണ് കൂടിയത്. നിലവിൽ കിലോക്ക് 670 രൂപയാണ്. തുടക്കത്തിൽ 40 രൂപയും പിന്നീട് രണ്ടുഘട്ടങ്ങളിലായി 50 രൂപയുടെയും വർദ്ധിച്ചത്.
വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നത് ആഭ്യന്തര വിപണിയിലും ചലനങ്ങളുണ്ടാക്കി. മോശം കാലാവസ്ഥ കാരണം സംസ്ഥാനത്തും ഈ വർഷം ഉത്പാദനം കുറവാണ്. വില അറുപതിനായിരത്തിന് മുകളിലെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന കുരുമുളക് പലരും വിറ്റഴിച്ചു. പുതിയ കുരുമുളക് കാര്യമായി വിപണിയിലെത്തുന്നുമില്ല. മാസങ്ങളായി 580നും 615നും ഇടയിൽ ഉറച്ചുനിന്ന വിലയിൽ പെട്ടെന്നുള്ള വർദ്ധന കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
കൊച്ചി വിപണിയെക്കാൾ ഉത്തരേന്ത്യൻ വിപണിയുടെ ഇടപെടലാണ് കുരുമുളക് വിലയിൽ പ്രതിഫലിക്കുന്നതെന്ന് മലഞ്ചരക്ക് മൊത്തവ്യാപാരികൾ പറയുന്നു. രണ്ടു വർഷം മുൻപ് ക്വിന്റലിന് വില മുക്കാൽ ലക്ഷത്തിൽ എത്തിയിരുന്നു. ഇത്തവണ ഒരു ലക്ഷത്തിലെത്താനുള്ള സാധ്യതയും വ്യാപാരികൾ പങ്കുവെക്കുന്നു. വിളവിലെ കുറവ് വില വർദ്ധനയിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.