Trending

കോവൂരിൽ ഓടയിൽ വീണ് കാണാതായ 56-കാരന്റെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്‌: കോവൂരിൽ കനത്ത മഴയ്‌ക്കിടെ കുത്തിയൊഴുകിയ ഓടയിൽ വീണ്‌ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോവൂർ ഓമശ്ശേരി താഴത്ത്‌ കുളത്തുംപൊയിൽ ശശി(56)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ കണ്ടെത്തിയത്. കനത്തമഴ കാരണം ഞായറാഴ്ച രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോവൂരിൽ നിന്ന്‌ പാലാഴിയിലേക്ക്‌ പോകുന്ന എംഎൽഎ റോഡിലെ ബസ്‌ സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ തൊട്ടരികിലെ ഓടയിൽ വീഴുകയായിരുന്നു. വീണ ഭാഗത്ത്‌ കാര്യമായ വെള്ളം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട്‌ മറ്റു ഭാഗങ്ങളിൽ നിന്ന്‌ കുത്തിയൊഴുകിയെത്തിയ വെള്ളത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന്‌ പുലരുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കനത്ത മഴയും ഇരുട്ടും വെല്ലുവിളി ഉയർത്തിയെങ്കിലും രണ്ട്‌ കിലോമീറ്ററോളം ദൂരം ബീച്ച്‌ ഫയർഫോഴ്‌സും നാട്ടുകാരും രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. താഴ്‌ന്ന പ്രദേശമായതിനാൽ വളരെ പെട്ടെന്ന്‌ മേഖലയാകെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യമായിരുന്നു.

Post a Comment

Previous Post Next Post