കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 400 രൂപ കൂടി സ്വര്‍ണ വില 64,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 8,040 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം 63920 രൂപയിലേക്ക് സ്വര്‍ണ വില കുറഞ്ഞിരുന്നു. ഏഴ് ദിവസത്തിനിടെ 1000 രൂപയുടെ വ്യത്യാസം വിലയിലുണ്ടായി. 64,520 രൂപ വരെയാണ് സ്വര്‍ണ വില ഇതുവരെ വര്‍ദ്ധിച്ചത്. മാര്‍ച്ചിലെ താഴ്ന്ന നിലവാരം 63,520 രൂപയും. ഇന്നത്തെ വില പ്രകാരം 280 രൂപ വര്‍ദ്ധിച്ചാല്‍ സര്‍വകാല ഉയരമായ 64600 രൂപയിലെത്തും. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 73,000 രൂപയോളം ചെലവാകും. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
രാജ്യാന്തര വിലയും രൂപയുടെ നിലവാരവും കേരളത്തിലെ വിലയെ ബാധിക്കുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ യുഎസ് ഡോളറിലുണ്ടാക്കിയ ഇടിവും സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് വര്‍ദ്ധിച്ചതുമാണ് സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ച ഘടകം. രാജ്യാന്തര സ്വര്‍ണ വില സ്പോട്ട് ഗോള്‍ഡിന് 52 ഡോളറാണ് ഒരാഴ്ചയ്ക്കിടെ ഉണ്ടായ വര്‍ദ്ധന. നിലവില്‍ 2,912 ഡോളറിലാണ് രാജ്യാന്തര വില. മെക്സിക്കോയ്ക്കും കനാഡയ്ക്കും എതിരെ പ്രഖ്യാപിച്ച് 25 ശതമാനം നികുതി നടപ്പാക്കുന്നത് ഏപ്രില്‍ രണ്ട് വരെ നീട്ടിയതിനാല്‍ വ്യാപര യുദ്ധ ആശങ്ക നേരിയതോതില്‍ ഇടിഞ്ഞു. ഇതു സ്വര്‍ണ വിലയെ താഴോട്ട് എത്തിച്ചിട്ടുണ്ട്. യുഎസിലെ നോണ്‍ഫാം പെയ്‍റോള്‍ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും രാജ്യാന്തര വിലയെ സ്വാധീനിച്ചു.