താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ. പ്രതി യാസിർ ഉണ്ണികുളം എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളഞ്ഞു. ഇതിൻ്റ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
യാസിർ ഇതേ കാറിലെത്തിയാണ് ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി രക്ഷപ്പെട്ടത്. കാറിന്റെ മുൻവശത്തെ ചില്ല് പൊട്ടിയിട്ടുണ്ട്. കെഎല്‍ 57 എച്ച് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിലാണ് പ്രതി രക്ഷപ്പെട്ടത്. കൃത്യം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് കാറിൽ പെട്രോൾ അടിക്കാനായി പമ്പിൽ എത്തിയത്.
താമരശ്ശേരിയിൽ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ ആഷിഖിന്റെ ഉറ്റ സുഹൃത്താണ് പ്രതി യാസിർ. നിലവിൽ പ്രതിയെ ലൊക്കേറ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.