നൈപിഡോ: മ്യാൻമറിൽ കഴിഞ്ഞ ദിവസം 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,000-ൽ അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 1,050 ആയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തുമാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചത്.
മ്യാൻമറിലും തായ്‌ലൻഡിലും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തിൽ മ്യാൻമറിലെ വിവിധ പ്രദേശങ്ങളിലായി നിരവധി കെട്ടിടങ്ങളും പാലങ്ങളും റോഡുകൾ തകർന്നു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 നിലകളുള്ള ഒരു വലിയ കെട്ടിടം തകർന്നപ്പോൾ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ബാങ്കോക്ക് നഗരത്തിൽ ഏകദേശം 10 പേർ കൊല്ലപ്പെട്ടതായി ഗവർണർ ചാഡ്ചാർട്ട് സിറ്റിപണ്ട് പറഞ്ഞു. നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും തകർന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചാറ്റുചാക്ക് വാരാന്ത്യ മാർക്കറ്റിന് സമീപമുള്ള കെട്ടിടത്തിൽ കുടുങ്ങിയ 100 തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്ത്യ ഒരു രക്ഷാദൗത്യ സംഘത്തെയും മെഡിക്കൽ സംഘത്തെയും കൂടാതെ മരുന്നുകളും വസ്ത്രങ്ങളുമടക്കം15 ടണ്‍ സാധനങ്ങളും അയച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും സഹായം നൽകുന്നതിനും 50 പേരെ അയക്കുമെന്ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഐക്യരാഷ്ട്രസഭ 5 മില്യൺ ഡോളർ അനുവദിച്ചു. എല്ലാവിധ സഹായവും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. റഷ്യയുടെ അടിയന്തര മന്ത്രാലയം 120 രക്ഷാപ്രവർത്തകരെയും സാധനങ്ങളെയും വഹിച്ചുകൊണ്ട് രണ്ടു വിമാനങ്ങൾ അയച്ചതായി റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.