കൽപ്പറ്റ: ഒഎൽഎക്സ് വഴി സാധനങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും കബളിപ്പിച്ച് പണം തട്ടുന്ന കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെ (28) വയനാട് പൊലീസ് പിടികൂടി. വയനാട് സൈബർ ക്രൈം പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയുടെ വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി ഫോൺ ഓഫ് ചെയ്ത് ബസ് മാർഗ്ഗം മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പനാജി ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി പോലീസ് പിടിയിലാകുന്നത്.
2021ൽ അമ്പലവയൽ സ്വദേശിയെ കബളിപ്പിച്ച് 1,60000 രൂപ തട്ടിയെടുത്ത കേസിലാണ് സൽമാനുൽ ഫാരിസിനെ ആദ്യം പൊലീസ് പിടികൂടുന്നത്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് കേസുകളാണ് വയനാട്ടിൽ മാത്രം രജിസ്റ്റർ ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൽക്കത്ത പോലീസ് പിടികൂടിയതറിഞ്ഞ് കോടതി ഉത്തരവ് പ്രകാരം പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരുമ്പോൾ ആന്ധ്രാപ്രദേശിൽ വച്ച് പ്രതി പെലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വീണ്ടും വയനാട് പോലീസ് ഇയാളെ സിക്കിമിൽ നിന്ന് പിടികൂടി. തുടർന്ന് വയനാട്ടിലെ കേസിൽ വിചാരണ നടക്കുമ്പാൾ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു.