കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജ് പാലാ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്.
അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും ജോർജ് സ്ഥലത്തുണ്ടായിരുന്നില്ല. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ രണ്ടുതവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.
പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നത്. മറ്റു വഴികളെല്ലാം അടഞ്ഞതോടെയാണ് ഒടുവിൽ ജോർജ് കോടതിയിലെത്തി കീഴടങ്ങിയത്.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈകോടതിയും പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.