Trending

ചാംമ്പ്യൻസ് ട്രോഫി: പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ


ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ആറു വിക്കറ്റുകൾക്കാണ് ഇന്ത്യ സെമിയിലേക്ക് ജയിച്ചു കയറിയത്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.

സെഞ്ചുറിയോടുകൂടിയ വിരാട് കോലിയുടെ മാസ്സ് പ്രകടനവും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യയെ അനായാസ ജയത്തിലെത്തിച്ചത്. ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ കോഹ്‌ലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.

തുടർന്ന് ഷഹീന്‍ അഫ്രീദി ക്യാപ്റ്റൻ രോഹിത് ശർമയെ പുറത്താക്കി. പിന്നാക്ക ഗില്‍–വിരാട് കോലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ഗില്‍ പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോഹ്‌ലി 114 റൺസ് പടുത്തുയർത്തി. 67 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റണ്‍സെടുത്ത ശ്രേയസിനെ 39-ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ഈ ടൂർണമെൻ്റിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. മാർച്ച്‌ രണ്ടിന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാൻ്റ സെമി പ്രതീക്ഷകൾ മങ്ങി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു.

Post a Comment

Previous Post Next Post