തിരുവനന്തപുരം: ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി മാർക്കിട്ട് കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഓൾ പാസ് നിർത്താനുള്ള തീരുമാനം.
ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നെ പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. എട്ടിനും താഴേക്കുള്ള ക്ലാസുകളിലേക്കും ഇത് വ്യാപിപിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സെമിനാറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിലും പിന്നെ താഴേ തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം.
എഴുത്തുപരീക്ഷക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. പക്ഷെ മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ വിദ്യാർത്ഥിയെ തോൽപ്പിക്കില്ല. തീവ്ര പരിശീലനം നൽകി ആ അധ്യയന വർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നൽകും. 3 മുതൽ 9 വരെ യുള്ള ക്ലാസുകളിൽ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരീക്ഷ ഉണ്ടാകും. സ്റ്റേറ്റ് അച്ചീവ്മെന്റ് ടെസ്റ്റ് എന്ന പേരിൽ. മാർക്ക് കുറഞ്ഞവർക്ക് വാർഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനം നൽകും.