തിരുവനന്തപുരം: ക്ഷേത്ര നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുകൊടുക്കാത്തതിന് സ്ഥലം ഉടമയ്ക്കും ഭാര്യയ്ക്കും മർദ്ദനമെന്ന് പരാതി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യയായ ആര്യ എന്നിവർക്കാണ് മര്‍ദ്ദനമേറ്റത്. കഴക്കൂട്ടം സ്വദേശി രാജേന്ദ്രന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ്.ആര്‍.ഒ ജീവനക്കാരനായ അനീഷ് പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അനീഷിനും ആര്യയ്ക്കും വീടിന് പുറമെ കരിക്കകംപമ്പ് ഹൗസിന് സമീപം 10 സെന്റ് ഭൂമിയുണ്ട്. അതില്‍ 3 സെന്റ് ഭൂമി ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കഴക്കൂട്ടം സ്വദേശി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അനീഷിനെ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് സെന്റ് മാത്രമായി വിട്ടുനല്‍കില്ലെന്നും പ്രദേശത്തെ വിപണി വിലയ്ക്ക് അനുസരിച്ച് പത്ത് സെന്റ് ഭൂമി മൊത്തത്തില്‍ വില്‍ക്കാന്‍ തയ്യാറാണെന്നും അനീഷ് സംഘത്തെ അറിയിച്ചു. എന്നാല്‍ അക്രമി സംഘത്തിന് അനീഷിന്റെ ഈ ഓഫര്‍ സ്വീകാര്യമായിരുന്നില്ല. ഇതോടെ അക്രമിസംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഭൂമിയില്‍ അതിക്രമിച്ച് കയറി വിളക്ക് വച്ചു.
അതോടെ തന്റെ ഭൂമിയില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറി വിളക്ക് വെച്ചത് ചൂണ്ടിക്കാട്ടി അനീഷ് കഴിഞ്ഞ 13ന് പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും രാജേന്ദ്രന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഫെബ്രുവരി 17ന് അനീഷ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും പതിനെട്ടാം തിയതി എതിര്‍കക്ഷികള്‍ അനീഷിന്റെ സ്ഥലത്ത് വീണ്ടുമെത്തി വിളക്കുവച്ചു. അതിക്രമം തുടര്‍ന്നതോടെ ഇത് തടയാനായി അനീഷ് സ്വന്തം ഭൂമിക്ക് ഗേറ്റ് വയ്ക്കാന്‍ തീരുമാനിച്ചു. ഗേറ്റ് സ്ഥാപിക്കാനായി ഭാര്യയ്‌ക്കൊപ്പം അനീഷ് എത്തിയപ്പോഴാണ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ആക്രമണമഴിച്ചുവിട്ടത്.