കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി. യുവതിയുടെ പരാതിയിൽ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെയും പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നു ദിവസം മർദ്ദിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്.
12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. എന്നാൽ വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭർത്താവിൽ നിന്നും മാറി താമസിക്കുകയായിരുന്നു. എന്നാൽ അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്.
പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്നങ്ങൾ നടന്നു. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.