കുട്ടമ്പൂർ: കുട്ടമ്പൂർ കായലാട് അംഗനവാടിക്ക് സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി നിലനിൽക്കെ അസുഖ ബാധിതനായി മരണപ്പെട്ട ഇ.ഗോവിന്ദന്റെ സ്മരണാർത്ഥമാണ് അംഗനവാടി നിർമ്മിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം രജിസ്റ്റർ ചെയ്‌തു നൽകിയത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും കാക്കൂർ ഗ്രാമപഞ്ചായത്തും ഫണ്ട് വകയിരുത്തിയാണ് അംഗനവാടി കെട്ടിടം നിർമ്മിച്ച് നൽകിയത്.
കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വളർച്ചക്കും കൗമാരക്കാരുടെയും സ്ത്രീകളുടെയും വയോജനങ്ങളുടെയും ക്ഷേമ പ്രർത്തനങ്ങളുടെയും കേന്ദ്രമായി പ്രവർത്തിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമായി മാറി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ മുഖ്യാതിഥിയായി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.നിഷ, ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കെ.കെ പ്രബിത സ്വാഗതവും അംഗനവാടി വർക്കർ സി.കെ സരോജിനി നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS