തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പാറശ്ശാല സ്വദേശി ഷാനു (26) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീറാം ഇന്ന് രാവിലെ 11 മണിയോടെ മരിക്കുകയായിരുന്നു. ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.