കൊയിലാണ്ടി: വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ ചെങ്ങോട്ടുകാവ് സ്വദേശി അറസ്റ്റിൽ. മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ (30) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. മൂടാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്.
വിദേശത്തായിരുന്ന പ്രതി പെൺകുട്ടിയ്ക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കാറുണ്ടായിരുന്നു. ഇയാളുടെ ശല്യം കാരണം പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ വിദ്യാർത്ഥിനി ക്ലാസ് കഴിഞ്ഞ് മടങ്ങവെ വീടിന് സമീപം വെച്ച് മദ്യലഹരിയിലായിരുന്ന സജിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്‌തതിന്റെ പേരിൽ മോശമായി പെരുമാറി. വിദ്യാർത്ഥിനി ഇതിനെതിരെ പ്രതികരിച്ചതോടെ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പാണ് സജിൽ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.