വടകര: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചോറോട് ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ അൻസറിന്റെയും സീനുവിന്റെയും മകൾ നിസ മെഹക്ക് (12) മരിച്ചത്. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് നിസ മെഹക്ക്.
വ്യാഴാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വൈകുന്നേരം ടിവി കാണണമെന്ന് കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷയായതിനാല്‍ കുറച്ച് കഴിഞ്ഞ് കണ്ടാല്‍ മതിയെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇതില്‍ വിഷമിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. അമ്മയാണ് കുട്ടിയെ ആദ്യം കാണുന്നത്. ഉടന്‍ തന്നെ അയല്‍ക്കാരെയും മറ്റും വിളിച്ച് വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല. വിദേശത്തുള്ള അച്ഛൻ നാട്ടില്‍ എത്തിയിട്ടാവും സംസ്‌കാര ചടങ്ങുകള്‍.