കട്ടിപ്പാറ: ആറുവർഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി. കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ ആലീന ബെന്നി (29)യാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് അധ്യാപികയായി ജോലി ചെയ്യുന്നത്.
അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് പ്രധാന അധ്യാപകൻ പിതാവിനെ വിളിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവും, വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും രാവിലെ തന്നെ പുറത്ത് പോയിരുന്നു. സ്കൂളിൽ നിന്നും പല തവണ അലീനയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൻ തുക നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലുള്ള സ്കൂളിൽ ജോലി തരപ്പെടുത്തിയത്. എന്നാൽ ആറു വർഷം പിന്നിട്ടിട്ടും ജോലി സ്ഥിരപ്പെടുത്തിയിരുന്നില്ല. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ അഞ്ചു വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലാ എന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായി പിതാവ് പറഞ്ഞു.
ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു. ജോലി സ്ഥിരപ്പെടുത്താത്തതിലും, ശമ്പളം ലഭിക്കാത്തതിലുമുള്ള മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു. കട്ടിപ്പാറ വളവനാനിക്കൽ ബെന്നിയുടെ മകളാണ് അലീന. സഹോദരങ്ങൾ: ഐശ്വര്യ ബെന്നി, ദർശന ബെന്നി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ വൈകീട്ട്.