കുന്ദമംഗലം: ഓരോ നിമിഷവും ചീറിപ്പായുന്ന നൂറുകണക്കിന് വാഹനങ്ങൾ. സ്കൂൾ വിദ്യാർത്ഥികളും കാൽനടക്കാരും. ഇവരെല്ലാം ശ്വാസമടക്കിയാണ് ഇതുവഴി കടന്നുപോകുന്നത്. കണ്ണൊന്നു തെറ്റിയാൽ മതി, ഇവിടെ അപകടം ഉറപ്പാണ്. കോഴിക്കോട്-വയനാട് ദേശീയ പാതയിൽ ചെലവൂരിനു സമീപത്തെ ഓവുപാലത്തിന്റെ തകർന്ന പാർശ്വഭിത്തിയാണ് അപകട ഭീഷണിയുയർത്തുന്നത്. താഴെ വലിയ ഗർത്തമാണ്. രാത്രിയിൽ ഇത് കാണാതെവരുന്നവർ അടിതെറ്റിയാൽ താഴ്ചയുള്ള ഗർത്തത്തിൽ വീഴും. മാസങ്ങൾക്കുമുൻപാണ് ചെങ്കല്ലുകൊണ്ടുകെട്ടിയ പാർശ്വഭിത്തിയുടെ ഒരുഭാഗം തകർന്നതെന്ന് നാട്ടുകാർ പറയുന്നു.
ബാക്കിയുള്ളഭാഗം ഏതുസമയവും വീഴുമെന്ന നിലയിലാണ്. അധികൃതരാരും ശ്രദ്ധിക്കാതെ വന്നപ്പോൾ സമീപത്തുള്ളവർ തന്നെ വടംകെട്ടി അപകടമുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതൊന്നും ഇവിടെ ശാശ്വതമല്ലെന്നാണ് ഇവർ പറയുന്നത്. തകർന്ന പാർശ്വഭിത്തി കോൺക്രീറ്റിൽ പുനർനിർമ്മിച്ചാൽ മാത്രമേ ഇവിടെ അപകട ഭീഷണി ഒഴിവാക്കാനാവൂ.