Trending

ഷെമീനയെ കണ്ടു, വാക്കുകൾ പുറത്തുവരാതെ ഇരുവരും; ഉറ്റവരുറങ്ങുന്ന മണ്ണിൽ കണ്ണീരടക്കാനാകാതെ റഹീം


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സന്ദർശനം. സൗദി അറേബ്യയിൽനിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ റഹീം ബന്ധുവീട്ടിൽ പോയ ശേഷം നേരെ പോയത് മകൻ അഫാൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനായിരുന്നു.

റഹീമിനെ ഷെമീന തിരിച്ചറിഞ്ഞു കൈയിൽ പിടിച്ചതായി ബന്ധുക്കൾ പറഞ്ഞു. പൂർണ്ണമായും സംസാരിക്കാൻ കഴിയുന്ന നിലയിലായിരുന്നില്ല ഷെമീന, അതുകൊണ്ട് തന്നെ വാക്കുകൾ പുറത്ത് വരാത്ത സ്ഥിതിയുണ്ട്. കൊല്ലപ്പെട്ട ഇളയമകനെ അന്വേഷിച്ച ഷമീനയോട് എന്ത് മറുപടി പറയണമെന്നറിയാതെ ഉള്ളുലഞ്ഞ റഹീമിനും വാക്കുകൾ പുറത്ത് വന്നില്ല. നടന്ന സംഭവങ്ങളുടെ പൂർണ്ണ വിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല. ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു റഹീമിന്റെ സന്ദർശനം.

തുടർന്ന് ഉറ്റവരെ തേടിയുള്ള റഹീമിന്റെ യാത്ര പാങ്ങോട് ഖബറിസ്ഥാനിലേക്കായിരുന്നു. ഇളയ മകനും ഉമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയേയും ഇവിടെയാണ് ഖബറടിക്കിയിരുന്നത്. അവിടെ പ്രാർത്ഥന നടത്തിയ റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങി.

വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് റഹീം തിരിച്ചത്. റിയാദിൽ ഒരു കട നടത്തുകയായിരുന്നു റഹീം. പലതരം പ്രശ്ന‌ങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ട‌മായി. സാമ്പത്തിക-നിയമ പ്രശ്നങ്ങളിൽ കുടുങ്ങി നിൽക്കുന്നതിനിടെയാണ് നാട്ടിൽ റഹീമിനെ കാത്ത് മറ്റൊരു ദുരന്തം വന്നുചേർന്നത്.

Post a Comment

Previous Post Next Post