ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണം ഡൽഹി കസ്റ്റംസ് പിടികൂടി. സൗദിയിലെ ജിദ്ദയിൽ നിന്നും SV-756 വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
56കാരനായ യാത്രക്കാരന്റെ ലഗേജിൽ ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിന്റെ എക്സ്റേ സ്കാനിംഗ് നടത്തിയപ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപെട്ടതും, യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതുമാണ് സംശയത്തിനിടയാക്കിയത്.
തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോഴാണ് കവറിൽ കെട്ടിവെച്ച ഈന്തപ്പഴത്തിനുള്ളിൽ കുരുവിന് പകരം സ്വർണമാണെന്ന് കണ്ടെത്തിയത്. ഈന്തപ്പഴത്തിനുള്ളിൽ കൃത്യമായ അളവിൽ മുറിച്ചാണ് സ്വർണം നിറച്ചിരിക്കുന്നത്. തുടർന്ന് യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചത് എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.