കൊടുവള്ളി: ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ എം എസ് സൊല്യൂഷന്‍സ് അധ്യാപകര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് രണ്ടു അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് യൂട്യൂബ് ചാനല്‍ വഴി ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. കേസിലെ മുഖ്യ പ്രതി എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
എം എസ് സൊല്യൂഷൻ ഓഫിസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നിരുന്നു. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ വന്നത്. തുടർന്ന് എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.