പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ വൈകിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയിൽ മിജിൻസ് എന്ന നന്ദുവിനെയാണ് (40) ഒരു കൂട്ടം ആളുകൾ മർദിച്ച് അവശനാക്കിയത്.
കഴിഞ്ഞ 26നാണു സംഭവം. പന്തിരിക്കരയിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ദലിത് യുവാവിന് പരിക്കേറ്റു. ഇതുവരെ പൊലീസ് കേസെടുക്കാൻ തയാറായില്ല എന്നാരോപിച്ച് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തി.
സംഭവം ഇങ്ങനെ:
ടൗണിലെ മുബാറക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു യുവാവ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ ഫോൺ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോൺ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം കൊടുക്കാനൊരുങ്ങിയ യുവാവിനെ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
അവശനായ മിജിൻസ് പ്രതികരിക്കാൻ നിൽക്കാതെ പണവും കൊടുത്ത് തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിലേക്ക് കയറിപ്പോയി. എന്നാൽ പിന്നാലെയെത്തിയ ഹോട്ടൽ ഉടമയും സംഘവും ജാതിപ്പേര് വിളിച്ച് വീണ്ടും മർദ്ദിക്കുകയുമായിരുന്നുവെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഗുരുതരമായി പരുക്കേറ്റ മിജിൻസിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഡിസ്‌ചാർജ് ചെയ്തത്.