Trending

മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ


കൽപ്പറ്റ: മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് സ്വദേശി കോട്ടപ്പുറം ദേവധേയം വീട്ടിൽ വി.എസ് രതീഷ്മോനെ (37) യാണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വെച്ച് അതിവിദഗ്ദമായി പിടികൂടിയത്. 

ആൾമാറാട്ടം നടത്തി മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്സ്ആപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട്  വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ശേഷം പല വിധങ്ങളിൽ പ്രലോഭിപ്പിച്ച് ജനുവരി മാസത്തിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85000 രൂപ കൈക്കലാക്കി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു. 

2023 ൽ എറണാകുളം ഹിൽ പാലസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. ഇയാൾ ഇത്തരത്തിൽ കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇൻസ്‌പെക്ടർ എസ്എച്ച്ഒ ഷാജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫിസർ പി.കെ നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ സി.വിനീഷ, പി.പി പ്രവീൺ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post