കൊടുവള്ളി: ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. ഓമശ്ശേരിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജർ ശബീർ അലിയെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കോടഞ്ചേരിയിലെ റിസോർട്ടിൽ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചുമായിരുന്നു ക്രൂരമര്‍ദ്ദനം. പൂർണ നഗ്നനാക്കി മർദ്ദിച്ച ശേഷം ശരീരത്തിൽ മുളകുപൊടി തേച്ചെന്ന് യുവാവ് പറഞ്ഞു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഇന്ന് രാവിലെ താമരശ്ശേരി ടൗണിൽ ഉപേക്ഷിക്കുകയായിരുന്നു.
പരുക്കേറ്റ ശബീർ താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി. മാർക്കറ്റിംഗ് ഏജൻസി ഉടമ ഫിറോസ് ഖാനാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ശബീർ ആരോപിക്കുന്നു. തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. വിവിധ സ്ഥലങ്ങളിൽ വെച്ച് ഒരു ദിവസം മുഴുവൻ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചെന്ന് കാണിച്ച് ശബീർ കൊടുവള്ളി പോലീസിൽ പരാതി നൽകി.