Trending

റേഷന്‍ കാർഡിന്‍റെ രൂപം; വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്


പത്തനംതിട്ട: ആർഭാടം കൊണ്ടും ആശയം കൊണ്ടും വിവാഹ ക്ഷണക്കത്തുകൾ കാഴ്ചക്കാരുടെ ശ്രദ്ധ നേടാറുണ്ട്. പത്തനംതിട്ട, ഇളങ്ങമംഗലം ഗ്രാമത്തില്‍ നിന്നുള്ള അത്തരമൊരു വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധനേടി. ഇളങ്ങമംഗലം സ്വദേശിയായ ജ്യോതിഷ് ആര്‍. പിള്ളയുടെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. ആ വിവാഹ ക്ഷണക്കത്തിന്‍റെ പ്രത്യേകത എന്നത് അതൊരു യഥാര്‍ത്ഥ റേഷന്‍ കാർഡിന്‍റെ രൂപത്തിലായിരുന്നു ഡിസൈന്‍ ചെയ്തിരുന്നത് എന്നത് തന്നെ. 

ആദ്യ പേജില്‍ വിവാഹവുമായി ബന്ധപ്പെട്ട പ്രധാന ഭാഗമാണ്. വധുവിനെയും വിവാഹ വേദിയെയും ആദ്യ പേജില്‍ തന്നെ പരിചയപ്പെടുത്തുന്നു. കുടുംബാംഗങ്ങളെയും അവര്‍ തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നതാണ് രണ്ടാം പേജ്. അത്തരത്തില്‍ ഒരു വിവാഹ ക്ഷണക്കത്ത് അച്ചടിക്കാന്‍ തനിക്ക് 11 ദിവസം വേണ്ടിവന്നെന്ന് ജ്യോതിഷ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ജോലി വിദേശത്ത് ആയതിനാല്‍ ക്ഷണക്കത്ത് ഏങ്ങനെ വേണമെന്നതിനുള്ള നിര്‍ദ്ദേശങ്ങൾ ഫോണിലൂടെ നല്‍കുകയായിരുന്നു. വിവാഹത്തിന് ക്ഷണിക്കാനായി പോയപ്പോൾ, ക്ഷണക്കത്ത് കൈമാറുമ്പോൾ പലരും അത് യഥാര്‍ത്ഥ റേഷന്‍ കാര്‍ഡാണെന്ന് തെറ്റിദ്ധരിച്ചതായും ജ്യോതിഷ് പറയുന്നു.  

കിണരുവിള വീട്ടിൽ ജ്യോതിഷ് ആർ. പിള്ള കുട്ടിക്കാലത്ത് തന്‍റെ ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്നത് ‘റേഷന്‍ കടയിലെ കുട്ടി’ എന്നായിരുന്നു. അതിനൊരു കാരണമുണ്ട്. ജ്യോതിഷിന്‍റെ മുത്തച്ഛന്‍ ഭാർഗവന്‍ പിള്ളയാണ് ഗ്രാമത്തിലെ ഏക റേഷന്‍ കട നടത്തിയിരുന്നത്. മുത്തച്ഛന്‍റെ മരണത്തോടെ അത് അച്ഛന്‍ കെ.കെ രവിന്ദ്രന്‍ പിള്ളയുടെ കൈയിലെത്തി. പിന്നീട് 2023-ൽ അച്ഛന്‍ മരിച്ചപ്പോൾ അമ്മ ടി. അംബിക റേഷന്‍കട ഏറ്റെടുത്തു. 

കുട്ടിക്കാലത്ത് വീട്ടില്‍ നിന്നും റേഷന്‍ കടയിലേക്കും റേഷന്‍ കടയില്‍ നിന്നും വീട്ടിലേക്കുമുള്ള നിരന്തരമായ ഓട്ടങ്ങളാണ് ജ്യോതിഷിന് ആ വിളിപ്പേര് നേടി നല്‍കിയത്. ഒടുവില്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില്‍ ജ്യേതിഷ്, തന്‍റെയും കുടുംബത്തിന്‍റെയും ജീവിതത്തിന്‍റെ ഭാഗമായ റേഷന്‍ കടയെയും ഒപ്പം കൂട്ടി. വിവാഹ ക്ഷണക്കത്ത് റേഷന്‍ കാര്‍ഡിന്‍റെ രൂപത്തില്‍ അച്ചടിച്ചു. കൊട്ടാരക്കരക്കാരിയായ ജി.എച്ച് ദേവികയാണ് ജ്യോതിഷിന്‍റെ വധു. ഫെബ്രുവരി രണ്ടാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം.

Post a Comment

Previous Post Next Post