Trending

തമിഴ്നാട്ടിൽ മാരക രാസവസ്തുക്കൾ ചേർത്ത തേയിലപ്പൊടി നിർമ്മാണം വ്യാപകം; കേരളത്തിലും ആവശ്യക്കാർ


തമിഴ്നാട്: തമിഴ്നാട്ടിലെ കൂനൂരിൽ ചായയിൽ കടുപ്പം കൂട്ടാൻ മാരക രാസവസ്തുക്കൾ ചേർത്ത തേയിലപ്പൊടി നിർമ്മാണം വ്യാപകം. വ്യാജ തേയില പൊടിയുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ആവശ്യത്തിന് അനുസരിച്ച്‌ കളർ കൂട്ടി ആവശ്യക്കാർക്ക് കൊറിയർ അയച്ചു നൽകും. കേരളത്തിലും ഇതിന് ആവശ്യക്കാരേറെയാണ്. കോയമ്പത്തൂരിൽ നിന്നും സേലത്തും നിന്നും കൊണ്ട് വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരം മായം ചേർക്കുന്നത്. ആവശ്യക്കാർ ഏറിയതോടെ ഇവയുടെ വിതരണമിപ്പോൾ കൂനൂരിൽ വ്യാപകമാണ്.

സമീപ കാലത്ത് കേരളത്തിൽ ഇത്തരം തേയിലകൾ പിടികൂടിയതോടെയാണ് വ്യാജ തേയിലകളെ കുറിച്ച് പുറംലോകം അറിയുന്നത്. മായം ചേർത്താലും ചായക്ക് രുചി വ്യത്യാസം അറിയില്ല. കടുപ്പം കിട്ടാൻ ഉൾപ്പടെ ചായപ്പൊടിയിൽ ചേർക്കുന്നത് മാരക രാസവസ്തുക്കളാണ്. കൂനൂരിൽ കൂണ് പോലെ മുളച്ച് പൊന്തിയിരിക്കുകയാണ് വ്യാജ തേയില പൊടി നിർമ്മാണശാലകൾ. മലയാളികളാണ് ഇത്തരത്തിൽ മായം ചേർത്ത ചായപ്പൊടി കൂടുതലും വാങ്ങുന്നതെന്നും വീട്ടിലേക്ക് ആരും വാങ്ങാറില്ലെന്നും കടകളിലേക്കാണ് ആവശ്യക്കാരേറേയെന്നും വിതരണക്കാരൻ വെളിപ്പെടുത്തുന്നു.

കൂനൂരിൽ നിന്നും ലഭിച്ച തേയിലപ്പൊടി മലപ്പുറത്തെ മൊബൈൽ ഫുഡ് ലാബിൽ പരിശോധിച്ചപ്പോൾ സെക്കന്റുകൾക്ക് ഉള്ളിൽ തന്നെ കൂനുരിൽ നിന്ന് ലഭിച്ച ചായപ്പൊടി വ്യാജനാണെന്ന് സ്ഥിരീകരിക്കാനായി. മാരക രാസവസ്തുക്കൾ ചേർത്തതുകൊണ്ടാകാം തേയില പൊടിക്ക് ഇത്രയധികം നിറം ലഭിച്ചതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

Previous Post Next Post